ഗോകുൽ കൃഷ്ണയുടെ പുതിയ തമിഴ് സിനിമ തുടങ്ങുന്നു..

തമിഴിലും തെലുങ്കിലുമായി സംവിധായകൻ ഗോകുൽകൃഷ്ണയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നായികാപ്രാധാന്യമുള്ള ഈ സിനിമയുടെ കഥയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത നടി സാമന്തയാണ്.
തമിഴിലെ ജെന്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സംവിധായകനായിരുന്നു ഗോകുൽകൃഷ്ണ. കഴിഞ്ഞ അഞ്ചുവർഷങ്ങളായി ഈ സിനിമയുടെ പ്രവർത്തനങ്ങളുമായി നിന്ന ഗോകുൽകൃഷ്ണ മറ്റൊരു സിനിമയുടെയും സംവിധാന ചുമതല ഏറ്റെടുക്കാതെ ജെന്റിൽമാനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
2023 ഓഗസ്റ്റ് 22 ന് പൂജ നടക്കുകയും ഒരു ഷെഡ്യൂൾ ചിത്രീകരണം ചെന്നൈയിൽ നടക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും ജെന്റിൽമാൻ-2 ന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാതിരിക്കുകയും ഇപ്പോൾ മറ്റൊരു സിനിമയുടെ കഥയുമായി സിനിമയ്ക്ക് സാമ്യം വന്നതിനാൽ കഥയും സംവിധായകനേയും അഭിനേതാക്കളെയും മാറ്റി പുതിയ പ്രോജക്ട് ആരംഭിക്കാനാണ് തീരുമാനമെന്നറിഞ്ഞപ്പോഴാണ് താൻ പുതിയ തമിഴ് പ്രോജക്ടിലേക്ക് കടന്നതെന്നും ഗോകുൽ കൃഷ്ണ പറയുന്നു.
തമിഴ്-തെലുങ്ക് സിനിമാരംഗത്തെ ഒരു പ്രമുഖ കമ്പനിയാണ് ഈ പുതിയ പ്രോജക്ട് നിർമ്മിക്കുന്നത്. മറ്റ് അഭിനേതാക്കൾ ആരൊക്കെയെന്നും സിനിമയുടെ പേരും ഷൂട്ടിംഗ് തീയതിയും അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നും അറിയുന്നു.
Photo Courtesy - Google










